
പ്രസരം സംസ്കൃതസമാജം ബാല്യകൗമാരങ്ങൾ പിന്നിട്ട് യൗവനത്തിലേക്ക് കടക്കുകയാണ്. കോട്ടയം ജില്ലയിലെ ജിജ്ഞാസുക്കളെ മാത്രം ഉദ്ദേശിച്ച് ആരംഭിച്ച ഈ യജ്ഞം ഇന്ന് കേരളവും ഭാരതവും കടന്ന് രാഷ്ട്രാന്തരങ്ങളിൽ കൂടി സംസ്കൃതഭാഷയുടെ പരിമളം വ്യാപരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡെന്ന മഹാമാരിയിൽ സമൂഹം ആണ്ടുപോയപ്പോഴും സംസ്കൃതിതാസുക്കളായ നമുക്ക് മനസ്സിനെ കരുത്തുറ്റതാക്കി ആത്മീയ ഭൗതിക രംഗങ്ങളിൽ മുന്നേറാൻ ഈ ഭാഷ പകർന്ന ഓജസ് അളവറ്റതാണ്. ഈശ്വരപ്രേരണയാൽ അനേകം പഠിതാക്കൾ സംസ്കൃതത്തിലൂടെ ഭാഗവത ഉപനിഷദ പഠിക്കുവാനായി സജ്ജരായെത്തുകയുണ്ടായി. ഈ കാവ്യാദികളായ ഗ്രന്ഥങ്ങളെ അദ്ധ്യയനസംസ്കാരം നമ്മുടെ ജീവിതത്തിൽ അടുക്കും ചിട്ടയും കൊണ്ടുവരാനും ദുർവ്വിചാരങ്ങളെ അകറ്റി ആരോഗ്യമുള്ള മനസ്സിനും തേജസ്സുറ്റ ബുദ്ധിക്കും ഉടമകളാകുവാനും സഹായിച്ചു. ഈ ഭാഷാപര്യടനത്തിലൂടെ ലഭിച്ച കാവ്യസംസ്കാരവും ദാർശനികസംസ്കാരവും ജീവിത്തതെ ധന്യമാക്കി. പുതിയ സാങ്കേതികവിദ്യയിലൂടെ ദേശത്തിൻ്റെ അതിരുകളെ ഭേദിച്ച് നാം അദ്ധ്യയനാധ്യാപനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൻ്റെ ഭൗതികസാന്നിദ്ധ്യം അനുഭവപ്പെടുന്നില്ലങ്കിലും പുണ്യഭൂമിയുടെ അദ്യഷ്ടമായ ഭഗവതി കടാക്ഷം നമ്മെ നിരന്തരം ഉദ്ബുദ്ധരും പ്രബുദ്ധരുമാക്കിത്തീർക്കുന്നുണ്ട്. ഈ അറിവിൻ്റെ രുചിയും സുഗന്ധവും ലോകമെമ്പാടും നിറഞ്ഞു വ്യാപരിക്കട്ടെ.
പ്രസരം സംസ്കൃത സമാജത്തിൻ്റെ പതിമൂന്നമത് വാർഷികം 2022 ഒക്ടോബർ 8-ാം തീയതി ശനിയാഴ്ച മഠത്തിലെ ശ്രീ ശങ്കര മണ്ഡപത്തിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സഭ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലാ വൈസ് ചാൻസിലർ ഡോ എം വി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു മഠത്തിൻ്റെ അധികാരിയായ ശ്രീമദ് അച്യുത ഭാരതി സ്വാമിയാർ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കുന്നു ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലാ പ്രൊ വൈസ് ചാൻസിലർ വേദാന്ത വിഭാഗം അധ്യക്ഷയുമായ ഡോ.കെ മുത്തുലക്ഷ്മി വേദാന്തദർശനം എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നു.
തദവസരത്തിൽ കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മുൻ അധ്യക്ഷൻ ഡോ. പി. നാരായണൻ നമ്പൂതിരി രചിച്ച "Perspectives on Astadhyayi and other frontiers of learning' എന്ന പുസ്തകവും, പ്രസരം സംസ്കൃത സമാജത്തിലെ അന്തിമ വർഷ വിദ്യാർത്ഥിയായ ശ്രീമതി. വി. ഗീത എഴുതിയ "കൈലാസാചലേ സൂര്യകോടി ശോഭിതേ" എന്ന പുസ്തകവും പ്രകാശനം ചെയ്യുന്നു.
ഉച്ച കഴിഞ്ഞ് കാളിദാസ കൃതികളിലെ പ്രസിദ്ധ ശ്ലോകങ്ങളുടെ വാക്യാർത്ഥ വിചാര സദസ്സ് സംഘടിപ്പിക്കുന്നു. ഭാരതത്തിൻ്റെ പുരാതനമായ വിചാര സദസ്സാണ് വാക്യാർത്ഥ വിചാരം ഒരു ശ്ലോകത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും ചർച്ചയും സംവാദവും തദവസരത്തിൽ നടക്കുന്നു. കേരളത്തിലെ പ്രസിദ്ധരായ സംസ്കൃത പണ്ഡിതന്മാർ ചർച്ചയ്ക്കു നേതൃത്വം നൽകുന്നു. കേരളത്തിൽ അപൂർവ്വമായും കോട്ടയത്ത് ഇദം പ്രഥമമായും നടക്കുന്ന ഈ വാക്യാര്ത്ഥ വിചാര സദസ്സിലേക്കും നമ്മുടെ പ്രസരത്തിൻ്റെ പിറന്നാൾ ആഘോഷങ്ങളിലേക്കും പ്രസരത്തിലെ അംഗങ്ങളേയും അവരുടെ കുടുംബത്തേയും അഭ്യുദയകാംക്ഷികളേയും വിനയാദരപൂർവം സ്വാമിയാർ മഠത്തിലേക്ക് സ്വാഗതം ചെയ്യുന്നു.